ഇന്നലകളിലെ പ്രവാസം
പ്രവാസത്തിന്റെ കഥകൾ ഘനീഭവിച്ച ചരിത്ര വീഥികളിലൂടെ രഥ ചക്രം ചലിച്ചു തുടങ്ങിയാൽ വേദനയുടേയും രോദനത്തിന്റേയും ദീർഘനിശ്വാസങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ബോധ്യമാകും. കൊളോണിയലിസത്തിന്റെ ചാട്ടവാറടിയുടെ ഹുംകാര ശബ്ദം തുരത്തിയോടിക്കപ്പെട്ട തൊഴിലാളിവർഗ്ഗത്തിന്റെ പിന്നിൽ അന്ന് പ്രതിധ്വനിച്ചിരുന്നു. പ്രകൃതി കനിഞ്ഞു നൾകിയ വളക്കൂറുള്ള മണ്ണിൽ ജന്മം മുഴുവൻ വിയർപ്പൊഴുക്കി അധ്വാനിച്ചവനെ അടിമയാക്കി അടക്കി ഭരിച്ച സാമ്രാജ്യ പ്രഭുത്വം പ്രവാസത്തിന്റെ ആദ്യ കാല പ്രായോഗജരായിരുന്നു. ഋതുഭേദങ്ങൾ മാറി വരും പോലെ ചരിത്രത്തിന്റെ ഗതിയിലും കാലാനുഗതമായ മാറ്റം വന്നു. രണഭൂമികളിൽ പൊടിപടലങ്ങൾ കെട്ടടങ്ങിയപ്പോൾ കബന്ധങ്ങൾ ഒത്തിരി കുമിഞ്ഞ് കൂടിയത് ദൃശ്യമായി. ചെങ്കോലുകളും കിരീടങ്ങളും തകർന്നുവീണു. പിന്നീടെപ്പൊഴോ പ്രവാസത്തിന് പുതിയ മാനം വന്നു. ഒൻപത് പതിറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണാഫ്രിക്കയിലേക്ക് പോയ മഹാത്മാഗാന്ധി ഭാരതീയ പ്രവാസികളുടെ മുതുമുത്തച്ഛനായി. ജനാധിപത്യ ധ്വംസനത്തിനെതിരായ സമരനായകനായി. ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന 200 ലക്ഷം ഭാരതീയ പ്രവാസികളിൽ നമ്മളും ഓരോ കണ്ണികളാണ്.
